Friday 31 August 2012

സ്വാഗതം

ബഹുമാന്യ സുഹൃത്തേ,

അറിവുകള്‍ ഒന്നിനുമീതെ ഒന്നായി കുമിഞ്ഞുകൂടുമ്പോഴും ശീലങ്ങള്‍ ഉന്നതസാങ്കേതികമാകുമ്പോഴും മലയാളിയുടെ ഹൃദയത്തില്‍ ചിരകാലം കുടിയിരിക്കുന്ന ചില കവിതകളുണ്ട്‌. മധുരവും നൊമ്പരവും ഇടകലര്‍ന്ന ആ കാവ്യസ്‌മരണകള്‍ നമ്മുടെ ഹൃദയതന്ത്രികളെ തൊട്ടുണര്‍ത്തുക തന്നെ ചെയ്യും.



പകല്‍ പള്ളിക്കൂടങ്ങളുടെ ചുവരുകള്‍ക്കുള്ളിലും രാത്രിയാമങ്ങളില്‍ വീടിന്റെ കോലായിലും നേരം പുലര്‍ന്നാല്‍ വിദ്യാലയത്തിലേക്കുള്ള വഴിത്താരയിലുമൊക്കെ മന്ത്രിച്ചും ഉരുവിട്ടും ഈണത്തില്‍ പാടിയും കടന്നുപോയ ആ ബാല്യത്തെ നമുക്ക്‌ വേഗം മറക്കാനാകുമോ ? പാഠ്യപദ്ധതികളും വിദ്യാര്‍ഥികളും മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്ക്‌ പരീക്ഷണവസ്‌തുവായപ്പോഴും പഠനം ആംഗലേയ മാധ്യമത്തിന്‌ വഴിമാറിയപ്പോഴും ഈ മധുരകാവ്യങ്ങള്‍ പുതുതലമുറകള്‍ക്ക്‌ അന്യമായി.



ചാരം മൂടുന്ന ആ കനലുകളെ ഒന്നൂതി കത്തിക്കാനുള്ള ഒരെളിയ ശ്രമമാണ്‌ ഈ സ്‌മരണിക. ഈ ലക്ഷ്യത്തോടെ മുമ്പ്‌ പലരും നടത്തിയതും ഇപ്പോള്‍ തുടരുന്നതുമായ പരിശ്രമങ്ങളെ മാനിക്കുന്നു. വ്യത്യസ്‌തമായ ആസ്വാദനത്തിന്‌ വഴിയൊരുക്കുയാണ്‌ കാവ്യതീരത്തിന്റെ ലക്ഷ്യം. അതിനായി താങ്കളുടെ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.




പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ കവിതകളാക്കിയ വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മശതാബ്ധി വര്‍ഷമായ 2011-ല്‍ കാവ്യതീരത്തിന്‌ തുടക്കമിടുകയാണ്‌. അദ്ദേഹത്തിന്റെ ഏറ്റവും പ്രശ്‌സ്‌തമായ കവിത 'മാമ്പഴം' കൊണ്ട്‌ തന്നെ നമുക്ക്‌ ആരംഭിക്കാം. ഹൃദയവീണ മീട്ടുന്ന കൂടുതല്‍ കവിതകള്‍ക്കായി കാത്തിരിക്കുക.
നന്മകള്‍ നേര്‍ന്നുകൊണ്ട്‌..



സസ്‌നഹം
റ്റിജോ

Saturday 9 June 2012

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍..



ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊ-
രാവണിത്തെന്നലായ് മാറി..
ആയിരമുന്മാദ രാത്രികള്‍തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പി..
ആത്മദളത്തില്‍ തുളുമ്പി..

നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ..
ആ ആ ആ...
രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
പൂവിലെന്‍ നാദം എഴുതി
അറിയാതെ... നീയറിയാതെ...

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭിതന്‍ പദമായി..
ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍
നവ്യ ഭാവമരന്ദം വിതുമ്പി..
താഴ്വരയില്‍ നിന്റെ പുഷ്പതല്പങ്ങളില്‍
താരാട്ടുപാട്ടായ് ഒഴുകീ..
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കി..
താളം പകര്‍ന്നു ഞാന്‍ നല്‍കി..

അറിയാതെ... നീയറിയാതെ...




:യേശുദാസ്‌
ശ്രീകുമാരന്‍ തമ്പി
എം.എസ്‌. വിശ്വനാഥന്‍



ചിത്രം: ചന്ത്രകാന്തം. (1974)
രചന :ശ്രീകുമാരന്‍ തമ്പി
സംഗീതം :എം.എസ്‌. വിശ്വനാഥന്‍
പാടിയത്‌ :യേശുദാസ്‌. രാഗം കല്യാണി