Friday, 31 August 2012

സ്വാഗതം

ബഹുമാന്യ സുഹൃത്തേ,

അറിവുകള്‍ ഒന്നിനുമീതെ ഒന്നായി കുമിഞ്ഞുകൂടുമ്പോഴും ശീലങ്ങള്‍ ഉന്നതസാങ്കേതികമാകുമ്പോഴും മലയാളിയുടെ ഹൃദയത്തില്‍ ചിരകാലം കുടിയിരിക്കുന്ന ചില കവിതകളുണ്ട്‌. മധുരവും നൊമ്പരവും ഇടകലര്‍ന്ന ആ കാവ്യസ്‌മരണകള്‍ നമ്മുടെ ഹൃദയതന്ത്രികളെ തൊട്ടുണര്‍ത്തുക തന്നെ ചെയ്യും.പകല്‍ പള്ളിക്കൂടങ്ങളുടെ ചുവരുകള്‍ക്കുള്ളിലും രാത്രിയാമങ്ങളില്‍ വീടിന്റെ കോലായിലും നേരം പുലര്‍ന്നാല്‍ വിദ്യാലയത്തിലേക്കുള്ള വഴിത്താരയിലുമൊക്കെ മന്ത്രിച്ചും ഉരുവിട്ടും ഈണത്തില്‍ പാടിയും കടന്നുപോയ ആ ബാല്യത്തെ നമുക്ക്‌ വേഗം മറക്കാനാകുമോ ? പാഠ്യപദ്ധതികളും വിദ്യാര്‍ഥികളും മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്ക്‌ പരീക്ഷണവസ്‌തുവായപ്പോഴും പഠനം ആംഗലേയ മാധ്യമത്തിന്‌ വഴിമാറിയപ്പോഴും ഈ മധുരകാവ്യങ്ങള്‍ പുതുതലമുറകള്‍ക്ക്‌ അന്യമായി.ചാരം മൂടുന്ന ആ കനലുകളെ ഒന്നൂതി കത്തിക്കാനുള്ള ഒരെളിയ ശ്രമമാണ്‌ ഈ സ്‌മരണിക. ഈ ലക്ഷ്യത്തോടെ മുമ്പ്‌ പലരും നടത്തിയതും ഇപ്പോള്‍ തുടരുന്നതുമായ പരിശ്രമങ്ങളെ മാനിക്കുന്നു. വ്യത്യസ്‌തമായ ആസ്വാദനത്തിന്‌ വഴിയൊരുക്കുയാണ്‌ കാവ്യതീരത്തിന്റെ ലക്ഷ്യം. അതിനായി താങ്കളുടെ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.
പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളെ കവിതകളാക്കിയ വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മശതാബ്ധി വര്‍ഷമായ 2011-ല്‍ കാവ്യതീരത്തിന്‌ തുടക്കമിടുകയാണ്‌. അദ്ദേഹത്തിന്റെ ഏറ്റവും പ്രശ്‌സ്‌തമായ കവിത 'മാമ്പഴം' കൊണ്ട്‌ തന്നെ നമുക്ക്‌ ആരംഭിക്കാം. ഹൃദയവീണ മീട്ടുന്ന കൂടുതല്‍ കവിതകള്‍ക്കായി കാത്തിരിക്കുക.
നന്മകള്‍ നേര്‍ന്നുകൊണ്ട്‌..സസ്‌നഹം
റ്റിജോ

12 comments:

 1. nalla samrambham tijo. aasamsakal.

  -sul

  ReplyDelete
 2. വളരെയേറെ നന്ദി സുല്‍

  ReplyDelete
 3. ടിജോ... മലയാളഭാഷയെ സ്നേഹിക്കുന്ന എനിക്കു ഇങ്ങനെ ഒരു നല്ല തുടക്കത്തിനു ആശംസകള്‍ നേരാതിരിക്കാന്‍ കഴിയില്ല . എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് . ഒത്തിരി സ്നേഹത്തോടെ ഒരു പഴയ സ്നേഹിതന്‍ .........

  ReplyDelete
 4. നന്ദി സ്‌നേഹിതാ. ദേശീയവേദിയുടെയും കോ-ഓപ്പറേറ്റീവ്‌ കോളജിന്റെയും മധുരസ്‌മരണകള്‍ അയവിറക്കിക്കൊണ്ട്‌ താങ്കളുടെ ഈ സുഹൃത്ത്‌ ദൂരെയല്ല, ചാരെയുണ്ട്‌.

  ReplyDelete
 5. സഫലമീ യാത്ര :എന്‍ എന്‍ കക്കാട്
  ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
  ആതിര വരും പോകുമല്ലേ സഖീ
  ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
  നീയെന്നണിയത്തു തന്നെ നില്‍ക്കൂ
  ഈ പഴംകൂടൊരു ചുമക്കടി
  ഇടറി വീഴാം
  ente ishtapetta oru kavitha

  ReplyDelete
 6. ....വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.
  വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ
  പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍
  എന്നോ പഴകിയൊരോര്‍മ്മകള്‍ മാതിരി നിന്നു വിറക്കുമീ-
  യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!.....

  ReplyDelete
 7. കാലമിനിയുമുരുളും വിഷു വരും
  വര്‍ഷം വരും തിരുവോണം വരും
  പിന്നെയോരോ തളിരിനും പൂ വരും
  കായ് വരും
  അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം...

  ReplyDelete
 8. ഈ നല്ല ശ്രമത്തിനു ആത്മാർത്ഥമായ അഭിവാദ്യങ്ങൾ

  ReplyDelete
 9. @പാവപ്പെട്ടവന്‍-മനസു നിറയ്‌ക്കുന്ന വാക്കുകള്‍

  ReplyDelete
 10. ഈ പുതിയ ശ്രമം വളരെ നന്നായിട്ടുണ്ട് . . കേള്‍ക്കാന്‍ കൊതിക്കുന്ന കവിതകളിലേക്കുള്ള ഈ തിരിച്ചു പോക്ക് മനോഹരം . .കഴിയുമെങ്കില്‍ ഓഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് കൂടി ചേര്‍ക്കുക . .ആശംസകള്‍. .

  ReplyDelete
 11. വളരെ നല്ലൊരു ബ്ലോഗ്. അഭിനന്ദനങ്ങള്, കവിതയെ എല്ലാം രീതിയിലും അനുഭവിക്കാനാവുന്ന തരത്തില് അണിയിച്ചൊരുക്കിയിരിക്കുന്നു. വളരെ മികച്ച രീതിയില് അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്. ഇനിയും ഇതുപൊലെ നല്ല കവിതകള്ക്കായി കാത്തിരിക്കുന്നു

  ReplyDelete
 12. നന്ദി എല്‍ദോയ്‌ക്കും ഷിന്റോയ്‌ക്കും

  ReplyDelete