Sunday 20 February 2011

മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ



അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ



മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്



മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ




തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി




വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു



പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം



പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ




ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ



വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ
ആശ്ലേഷിച്ചു



Add caption


വൈലോപ്പിള്ളി ശ്രീധരമേനോൻ(വൈലോപ്പിള്ളി,1911 മെയ്‌ 11, 1985 ഡിസംബർ 22). എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതി അമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. "ശ്രീ" എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിതകൾ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. കാൽപ്പനിക പ്രസ്ഥാനങ്ങൾ മലയാള കവിതാ രംഗത്തിൽ വെന്നിക്കൊടി പാറിച്ച്‌ നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. 1985 ഡിസംബർ മാസം 22-ന്‌ അന്തരിച്ചു.പ്രധാനകൃതികള്‍-കന്നിക്കൊയ്ത്ത് , ശ്രീരേഖ, കുടിയൊഴിയൽ, ഓണപ്പാട്ടുകാർ, വിത്തും കൈക്കോട്ടും, കടൽക്കാക്കകൾ, കയ്പ്പവല്ലരി, വിട, മകരക്കൊയ്ത്ത്, പച്ചക്കുതിര, കുന്നിമണികൾ, മിന്നാമിന്നി, കുരുവികൾ, വൈലോപ്പിള്ളിക്കവിതകൾ, മുകുളമാല, കൃഷ്ണമൃഗങ്ങൾ, അന്തിചായുന്നു. (ഇവയെല്ലാം കവിതകളാണ്‌) മറ്റ്‌ കൃതികള്‍-ഋശ്യശൃംനും അലക്സാണ്ടറും(നാടകം-), കാവ്യലോകസ്മരണകൾ (സ്മരണകൾ), അസമാഹൃത രചനകൾ(സമ്പൂണ്ണകൃതികളിൽ) ,വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ - വാല്യം 1,2




14 comments:

  1. വൈലോപ്പിള്ളിക്കവിതകളിൽ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ഇത്‌ . ഒരമ്മ മാമ്പഴക്കാലമാകുമ്പോൾ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓർക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. കേകാവൃത്തത്തിൽ ഇരുപത്തിനാല് ഈരടികൾ അടങ്ങുന്ന ഈ കവിത പിന്നീട് 1947-ൽ ഇറങ്ങിയ ‘‘കന്നിക്കൊയ്ത്ത്‘’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തി. മലയാളകവിതയുടെ നവോത്ഥാനപ്രതീകമായി ഈ കവിതയെ കുട്ടികൃഷ്‌ണമാരാര്‍ വാഴ്ത്തിയിട്ടുണ്ട്.

    വീട്ടുമുറ്റത്തെ തൈമാവിൽ നിന്ന് ആദ്യത്തെ മാമ്പഴം വീഴുന്നതു കാണുന്ന അമ്മ നാലുമാസം മുമ്പ് ആ മാവ് പൂത്തുതുടങ്ങിയപ്പോൾ തന്റെ മകൻ ഒരു പൂങ്കുല പൊട്ടിച്ചെടുത്തതും താൻ ശകാരിച്ചതും ഓർക്കുന്നു. "മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൻ, പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ" എന്ന അമ്മയുടെ ശകാരം കുഞ്ഞിനെ സങ്കടപ്പെടുത്തുകയും കളങ്കമേശാത്ത അവന്റെ കണ്ണിനെ കണ്ണുനീർത്തടാകമാക്കുകയും ചെയ്തിരുന്നു. മാങ്കനി പെറുക്കുവാൻ താൻ വരുന്നില്ലെന്ന് പറഞ്ഞ് പൂങ്കുല വെറും മണ്ണിൽ എറിഞ്ഞു കളഞ്ഞ കുട്ടി, മാമ്പഴക്കാലത്തിനു മുൻപേ മരിച്ചുപോയി. കവി ഇതേക്കുറിച്ചു നടത്തുന്ന നിരീക്ഷണം പ്രസിദ്ധമാണ്‌:-
    “ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
    ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ

    തൈമാവിനടുത്തു തന്നെയായിരുന്നു കുഞ്ഞിന്റെ കൊച്ചുശരീരം മറചെയ്തിരുന്നതും. മാവിൽ നിന്നു വീണ ദുരിതഫലം പോലുള്ള ആ മാമ്പഴം, അമ്മ മകന്റെ സംസ്കാരസ്ഥാനത്തിനു മേലുള്ള മണ്ണിൽ വച്ച് പറയുന്നു:
    “ ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
    വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
    പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
    കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ.
    വരിക കണ്ണാൽ കാണാൻ വയ്യാത്തൊരെൻ കണ്ണനേ
    തരസാ നുകർന്നാലും തായതൻ നൈവേദ്യം നീ.

    ഈ അനുനയവാക്കുകൾ കേട്ട് കുട്ടിയുടെ പ്രാണൻ ഒരു ചെറിയ കുളിർകാറ്റായി വന്ന് അമ്മയെ പുണർന്ന് അവരുടെ നൈവേദ്യം സ്വീകരിക്കുന്നതായി കല്പിക്കുന്നതോടെ കവിത സമാപിക്കുന്നു.

    ReplyDelete
  2. ടിജൊ ചേട്ടാ ,ഇതിന്റെ ഓഡിയൊ കൂടി ഉള്‍പ്പെടുത്തികൂടെ ,,,,,,,,,,,,,,,,

    ReplyDelete
  3. http://www.4shared.com/audio/M6j6wLSs/Mampazham.html

    ReplyDelete
  4. ഓഡിയോ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ ശ്രദ്ധിക്കുമല്ലോ. നിര്‍ദേശത്തിന്‌ നന്ദി മാക്കന്‍.

    ReplyDelete
  5. മാമ്പഴം എന്ന കവിതയും തന്റെ ഗ്രാമമായ മുളന്തുരുത്തിയും തമ്മിലുള്ള ബന്ധം അറിയിച്ചിരിക്കുകയാണ്‌ രാഷ്ട്രദീപിക സായാഹ്നപത്രം കൊച്ചി മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജും ഇപ്പോള്‍ മലയാള മനോരമ സീനിയര്‍ സബ്‌എഡിറ്ററുമായ പ്രിയ സുഹൃത്ത്‌ ശ്രീ. സജി മുളന്തുരുത്തി.


    1936-ല്‍ വൈലോപ്പിള്ളി മാമ്പഴം രചിക്കുന്നത്‌ മുളന്തുരുത്തി ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍ ബയോളജി അധ്യാപകനായിരിക്കെയാണ്‌. അന്ന്‌ കവിക്ക്‌ വയസ്‌ 25. അന്ന്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ വാര്‍ഷികപ്പതിപ്പിലേക്ക്‌ ഒരു കവിത പത്രാധിപര്‍ ആവശ്യപ്പെട്ടിരുന്നു. കവിതയ്‌ക്ക്‌ ആശയം തേടിയ കവി ഒരിക്കല്‍ സ്‌കൂള്‍ വരാന്തയിലൂടെ ഉലാത്തുമ്പോള്‍ സ്‌കൂള്‍ മുറ്റത്തെ മാവ്‌ കണ്ണിലുടക്കി. നന്നേ ചെറുപ്പത്തില്‍ മരിച്ചു പോയ തന്റെ കുഞ്ഞനുജനെക്കുറിച്ച്‌ കവി ഓര്‍മിച്ചു. ഒരിക്കല്‍ വീട്ടുമുറ്റത്തെ മാവിന്റെ പൂങ്കുല ഒടിച്ചെടുത്ത അവനെ അമ്മ തല്ലിയതും മാവില്‍ മാമ്പഴമുണ്ടായപ്പോള്‍ അത്‌ തിന്നാന്‍ അവനില്ലല്ലോ എന്നോര്‍ത്ത്‌ അമ്മ ദുഃഖിച്ചതുമെല്ലാം കവിയുടെ മനസിലൂടെ കടന്ന്‌ പോയി.



    അതാണത്രേ മാമ്പഴമെന്ന്‌ കവിതയ്‌ക്ക്‌ ബീജമായത്‌. സ്‌കൂള്‍ മുറ്റത്തെ ആ മാവ്‌ പ്രായമേറെ ചെന്ന നിലയില്‍ ഇപ്പോഴുമുണ്ട്‌. പിറവം-എറണാകുളം റൂട്ടില്‍ യാത്ര ചെയ്‌താല്‍ മെയിന്‍ റോഡരികിലായി ആ സ്‌കൂളും വലിയ മാവും കാണാനാകും.

    ReplyDelete
  6. ഈ സ്മരണികയിൽ വർത്തമാനവും ഭൂതവും സന്ധിചേരുന്നു .നമ്മുടെ ചില തീരുമാനങ്ങൾ അപക്വമായിരുന്നെന്ന് പിന്നെടെരിക്കൽ കാലം തെളിയിക്കുന്നതു നഗ്നമായി വരച്ചകവിതയാണ് മാമ്പഴം. ആശംസകൾ

    ReplyDelete
  7. പാവപ്പെട്ടവന്‍ വളരെ നന്ദി

    ReplyDelete
  8. കവികളുടെ ലേഖാചിത്രത്തിന് അനുബന്ധമായി അവരുടെ പ്രധാന കൃതികളുടെ വിവരങ്ങളും കൂടി തന്നിരുന്നുവെങ്കില്‍ തുടര്‍ വായനക്ക് സഹായകരമായിരിക്കുമെന്ന് തോന്നുന്നു.

    ReplyDelete
  9. ടിജോ ചേട്ടാ, വളരെ നന്നായിട്ടുണ്ട്. മലയാളത്തിലെ നല്ല നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  10. നല്ല നിര്‍ദേശമാണ്‌ സുരേന്ദ്രന്‍ സാറിന്റേത്‌. അത്‌ ഉള്‍ക്കൊള്ളുന്നു. കൃതികളുടെ വിവരങ്ങള്‍ പുതിയതായി ഉള്‍പ്പെടുത്തിയത്‌ ശ്രദ്ധിക്കുമല്ലോ. നിബിയ്‌ക്കും നന്ദി.

    ReplyDelete
  11. നല്ല സംരംഭം ടിജോ. എല്ലാ വിജയങ്ങളും നേരുന്നു.
    മാമ്പഴം വരികളില്‍ ' തരസാ നുകര്‍ന്നാലും എന്നത് സരസാ എന്ന് type ചെയ്തത്
    പിന്നെയുമുണ്ട് സൌഗന്ധികസ്വര്‍ണ്ണം , ക്രീഡാരസലീനനായ് , പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നുള്‍പ്പൂവാളും കൊതിയോടെ , വര്‍ഷാകാലം ,നിസ്തബ്ധ
    ഒന്ന് ശ്രദ്ധിക്കുമല്ലോ

    ReplyDelete
  12. വളരെയേറെ നന്ദി @ പരിയാടത്ത്‌-പിശകുകള്‍ ചൂണ്ടിക്കാണിച്ചതു നന്നായി. അവ തിരുത്തുകയും ഇനി പിശകുകള്‍ ഉണ്ടാകാതെ പരമാവധി ശ്രദ്ധിക്കുകയും ചെയ്‌തു കൊള്ളാം.

    ReplyDelete
  13. ഈ കവിത വായിക്കുമ്പോള്‍ കുട്ടിക്കാലത്തെ സ്കൂള്‍ യുവജനോല്സവങ്ങള്‍ ആണെനിക്ക്‌ ഓര്‍മ വരുന്നത് ......നന്ദി ടിജോ

    ReplyDelete
  14. ശരിയാണ്‌. അവ നമ്മെ പഴയ മലയാളം ക്ലാസ്‌മുറികളിലേക്കും കൊണ്ടുപോകുന്നില്ലേ ?

    ReplyDelete